കവി എ.അയ്യപ്പനെ ആദ്യം കാണുന്നവരും വീണ്ടും വീണ്ടും കാണുന്നവരും അദ്ഭുതപ്പെടുക അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീളത്തെക്കുറിച്ചാകും. മരണം ഉടനുണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അയ്യപ്പന്റെ ശരീരം. കാരണം ആ ഓരോ ജീവകോശാണുവിലും ലഹരി പടര്‍ത്തി വേച്ചുവീഴാറായ ശരീരവുമേന്തി നിരത്തിലൂടെ ജീവിക്കുമ്ബ്ബോള്‍, നെന്ചിലെ കുറുകലുകളുമായി പീടികത്തിണ്ണയിലോ വഴിവക്കിലോ ഉള്ള ചുരുണ്ടുകൂടലാകുബ്ബോള്‍ മരണം അയ്യപ്പന്‍ ഒരു അനിവാര്യമായ ഘടകമാണെന്ന് ആര്‍ക്കും തോന്നുമായിരുന്നു.
എന്നിട്ടും 60-ലേറെ വര്‍ഷങ്ങള്‍ ആ മനുഷ്യന്‍ പൊള്ളിക്കുന്ന പ്രതിഭയുമായി നമ്മുടെ മുന്നിലുണ്ടായിരുന്നു - മരണം എന്ന വാക്ക് കേള്‍ക്കുബ്ബോള്‍ തന്നെ പേടിച്ചിരിക്കുന്നവര്‍ക്കിടയില്‍, ജീവിതം എന്ന ആസക്തിയെ നോക്കി നാവ് നുണയുന്നവര്‍ക്കിടയില്‍ അത്തരം വികാരങ്ങളെ നോക്കി കൊഞ്ഞനംകുത്തിയ കവിയായി. അതുകൊണ്ടുതന്നെ ഓരോ പകലറുതികളും കവിക്ക് പുനര്‍ജനിയുടേതായിരുന്നു.
നൂലിഴയിലൂടെ യാത്ര;
സര്‍ക്കസിന്‍ ജീവിതമായിരുന്നെന്റെ
പുനര്‍ജന്മം -(യാത്ര-അയ്യപ്പന്‍)
പി.കുഞ്ഞിരാമന്‍നായര്‍ക്കു ശേഷം മലയാളത്തില്‍ ജീവിതം കവിതക്കായി സമര്‍പ്പിച്ച കവി മാത്രമായിരുന്നില്ല അയ്യപ്പന്‍. അത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. അടുക്കും ചിട്ടയുമുള്ളതോ തലമുറകളില്‍നിന്നും കൈമാറി ലഭിച്ചതോ ആയ കൈത്തിരിയൊന്നുമായിരുന്നില്ല അയ്യപ്പന്‍ കവിത. ഓരോ മനുഷ്യനെയും എഴുത്തുകാരനാക്കുന്നതില്‍ അയാളുടെ അനുഭവങ്ങള്‍ക്കുള്ള പങ്ക് നിസ്തര്‍ക്കമാണ്. അയ്യപ്പന്റെ അനുഭവങ്ങളാകട്ടെ നമ്മെ നടുക്കാനും പ്രാപ്തമാണ്. അയ്യപ്പന്‍ പറയാറുണ്ട്, സ്കൂള്‍ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ആ ദിവസം. എസ്.എഫ്.ഐയായിരുന്നു പുള്ളി. അന്ന് കൂട്ടുകാര്‍ തോളിലേറ്റി നാടുമുഴുവന്‍ നടന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ചാവുമണമെരിയുന്നു. കത്തുന്ന നിലവിളക്കിനു കീഴെ കോടി പുതച്ച് അച്ഛനുറങ്ങുന്നു. അങ്ങനെ അയ്യപ്പന്റെ ആദ്യത്തെ വിജയദിനം പരാജയത്തിന്റെതാവുകയായിരുന്നു. അവിടന്നിങ്ങോട്ട് കവിതയിലൊഴിച്ച് മറ്റെല്ലായിടത്തും അയ്യപ്പന്‍ തോല്‍ക്കുകയായിരുന്നു.ആത്മാഭിമാനം കലര്‍ന്ന ബാല്യമില്ലാതെ, യുവത്വത്തില്‍ കഴുവിലേറ്റപ്പെട്ട പ്രണയത്തിന്റെ രക്തസാക്ഷിയായി അയ്യപ്പന്‍ മാറുകയായിരുന്നു. വീടില്ലാതെ വീട്ടുകാരില്ലാതെ ജീവിതത്തെ മോഹിപ്പിക്കുന്ന ഒരു കാരണവുമില്ലാതെ അയ്യപ്പന്‍ അങ്ങനെയൊക്കെയാവുകയായിരുനു. അയ്യപ്പന്റെ കവിതതന്നെ പറയുന്നു:
'വീടില്ലാത്തവനോട് വീടിന്‍ ഒരു പേരിടാനും
മക്കളില്ലാത്തവരോട് കുട്ടിക്ക് ഒരു പേരി-
ടാനും കൂട്ടുകാരാ നീ പറയവെ
രണ്ടുമില്ലാത്തൊരുവന്റെ നെന്ചിലെത്തീ
കണ്ടുവോ.................'
അങ്ങനെയാണ് അയ്യപ്പന്‍ തെരുവ് വിലാസമായത്. യാത്രകള്‍ ദിനചര്യയായത്. അരാജകത്വം ശീലമായത്. 2007-ലെ ഓണക്കാലത്തിന്‍ തൊട്ടുമുബ്ബ് അയ്യപ്പന്‍ മരിക്കാന്‍പോകുന്നു എന്ന വാര്‍ത്ത വന്നത് ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍രോഗം മൂര്‍ച്ഛിച്ച് ഇടക്കിടക്ക് ചോര ഛര്‍ദിച്ചുകൊണ്ടിരിക്കുമ്ബ്ബോള്‍ അത് സംഭവിക്കുമെന്നുതന്നെ പലരും കരുതി. വടകരയില്‍ നിന്ന് ഒഡേസ സത്യനും ഭാര്യ ജെന്നിയും മറ്റ് ചില സുഹ്രുത്തുക്കളുമായിരുന്നു അയ്യപ്പനെ പ്രാര്‍ഥനകളുമായി പരിചരിക്കാന്‍ നിന്നത്.
'കത്തീഡ്രലിലെ മണിമുഴക്കം
കാറ്റിലൂടെ നേര്‍ത്ത് വന്നു
കുര്‍ബാനയുടെ ഓര്‍മയില്‍
ഒന്നാം വാര്‍ഡില്‍
ഒരാള്‍ മരിക്കുന്നു. -(ഒന്നാംവാര്‍ഡ്-എ.അയ്യപ്പന്‍)
മരിക്കാന്‍ കിടന്ന അയ്യപ്പന്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പെട്ടന്നൊരുനാള്‍ എഴുന്നേറ്റിരുന്നു. അപ്പോഴാണു വാര്‍ഡില്‍ ഒരാളുടെ മരണം കണ്ടത്. അടുത്ത നാള്‍ അയ്യപ്പന്‍ തിരുവനന്തപുരത്തെക്ക്. മടങ്ങിവന്നശേഷം അയ്യപ്പന്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഇത് എന്റെ പുനര്‍ജീവിതമാണെന്ന് എല്ലാവരും പറയുന്നു. മരണത്തെ പേടിക്കാത്ത ഒരാളാണ്‍ ഞാന്‍. ആശുപത്രിയില്‍ ഞാനൊരു ശവമായാണ്' കടന്നുചെന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 'കണ്ണു വീണ' കരളുമായി ഞാന്‍ വൈദ്യശാസ്ത്രത്തെ താല്‍ക്കാലികമായി തോല്‍പ്പിച്ചിരിക്കുന്നു.അയ്യപ്പന്‍ രോഗക്കിടക്കയില്‍ കിടന്നാലും യാത്രക്കിടയിലായിരുന്നാലും വിരുന്നും താവളവും നല്‍കാന്‍ ആരാധകപ്പട തയ്യാറായിരുന്നു. അവരിലേറെയും കവിയുടെ ചെറുപ്പക്കാരായ സുഹ്രുത്തുക്കളായിരുന്നു.
പക്ഷേ, അയ്യപ്പന്‍ അതിനെക്കാളേറെ ആവശ്യം കടങ്ങളായിരുന്നു. ഒരിക്കലും വീട്ടില്ലെന്നറിയാമായിരുന്നിട്ടും അതിനെ കടംവാങ്ങലുകളായിതന്നെ അയ്യപ്പന്‍ കണ്ടു. അറിയാവുന്നവരോടെല്ലാം ഈ കടംചോദിക്കല്‍ ഒരു അവകാശം പോലെ അയ്യപ്പന്‍ നോക്കികണ്ടു. തരാത്തവരില്‍ നിന്നെല്ലാം കീശയില്‍കൈയിട്ടെടുക്കുന്നതും ശീലമായിരുന്നു. അതുകൊണ്ടാവണം അയ്യപ്പനെ കാണുബ്ബോള്‍ കീശപൊത്തി ജീവനുംകൊണ്ടോടുന്ന ചില എഴുത്തുകാരും ഉണ്ടായിരുന്നു.
അതിനെയെല്ലാം അയ്യപ്പന്‍ നര്‍മത്തോടെ നോക്കിക്കണ്ടു. അയ്യപ്പന്റെ അവസരോചിതമായ നര്‍മങ്ങള്‍ പ്രശസ്തവുമാണ്. ഒരിക്കല്‍ അയ്യപ്പപണിക്കരെ കണ്ടപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് തനിക്കിപ്പോള്‍ ഏകന്തദു:ഖമാണെന്നാണ്. അതുകേട്ട് അയ്യപ്പപണിക്കര്‍ പ്രതികരിച്ചത് സമയത്തിന്‍ പെണ്ണും കുടുംബവും ഒക്കെ ഉണ്ടാകണമെന്ന് ഇപ്പോഴെങ്കിലും തോന്നുന്നത് നന്നാണെന്നായിരുന്നു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു: അതുകൊണ്ടല്ല, എന്റെ ഏകാന്ത ദു:ഖത്തിന്റെ കാരണം പണിക്കര്‍ സ്ഥാനം ഇല്ലാത്തതു കൊണ്ടാണ്.
ഒടുവില്‍ കവിത്വത്തിന്റെ കരുത്തുള്ള ബിംബങ്ങളും ജീവിത നര്‍മങ്ങളും തന്റേതായ അനാഥത്വങ്ങളും ഒക്കെ മലയാളത്തിന്റെ മുംബില്‍ നീക്കിവെച്ച് അയ്യപ്പന്‍ മടങ്ങിയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട തെരുവികളിലൊന്നില്‍ ചിറകൊടിഞ്ഞ് വീണിരിക്കുന്നു.........
മ്ര്ത്യുവിന്
ഒരു വാക്കേയുള്ളൂ.....
വരൂ......പോകാം (മ്ര്ത്യു വചനം - എ.അയ്യപ്പന്‍)
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹ്ര്'ദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞുതന്നവളുടെ
ഉപഹാരം" (എ.അയ്യപ്പന്‍)
(കടപ്പാട്-ഭരതന്നൂര്‍ ഷമീറിന്) - ഷിയാസ്



