Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


പി. സനിത - മാതൃഭൂമിയില്‍ എഴുതിയത്

മാര്‍ക്കേസിന്റെ 'മക്കാന്‍ഡൊ' പോലൊരു നഗരമായിരുന്നു എണ്‍പതുകളിലെ മലപ്പുറം. കോട്ടക്കുന്നും താഴ്‌വാരത്തെ കുറച്ചു വീടുകളും തികച്ചും സാധാരണക്കാരായ അസാധാരണ മനുഷ്യരും. ഫുട്‌ബോളും നേര്‍ച്ചയും താലപ്പൊലിയും സംഗീതവും ചിത്രകലയുമൊക്കെ അവിടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും സംസ്‌കാരവുമാണ് 'ഷഹബാസ് അമന്‍' എന്ന ഗായകനെ രൂപപ്പെടുത്തുന്നത്. റഫീക്കെന്ന യുവാവ് ഷഹബാസ് അമനായതോടെ സംഗീതത്തില്‍ ഒരു പുതിയ നദിതന്നെ ഉറവയെടുത്തു. ആലാപനത്തിലും സംഗീതസംവിധാനത്തിലും വേറിട്ട ആകാശങ്ങള്‍ തേടി സഞ്ചരിക്കുമ്പോഴും ഈ സംഗീതയാത്രികന്റെ സ്മൃതികള്‍ ഇപ്പോഴും ഒരു അത്ഭുതഭൂമികയിലാണ്.

''എന്റെ മൂത്ത ജ്യേഷ്ഠന്‍ മാട്ടിറച്ചിക്കച്ചവടക്കാരനായിരുന്നു. അറവുശാലയിലെ പണികഴിഞ്ഞ് ഉച്ചയ്‌ക്കെത്തിയാല്‍ അദ്ദേഹം എം.ടി.യുടെ 'മഞ്ഞ്' വായിക്കും. ഒരു ട്രങ്ക്‌പെട്ടി നിറയെ പുസ്തകങ്ങള്‍ അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്നു. വൈകിട്ട് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഒന്നും രണ്ടും പറഞ്ഞു തെറ്റിയ ആള്‍ക്കൂട്ടത്തെ നിമിഷനേരം കൊണ്ട് ഈ മനുഷ്യന്‍ അനുനയിപ്പിച്ചുവിടുന്നതു കാണാം.

''വീട്ടില്‍ അഞ്ചു മക്കളില്‍ മൂന്നാമനാണ് ഞാന്‍. മറ്റൊരു ജ്യേഷ്ഠന്‍ പട്ടാളക്കാരനായി. മലയാളത്തില്‍ പത്തെഴുതി തോറ്റ അദ്ദേഹം പിന്നീട് പുണെയില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസായി. മൂത്താപ്പയുടെ മകന്‍ നൗഷാദാണ് മറ്റൊരു വീരകഥാപാത്രം. ഫുട്‌ബോള്‍ പ്രതിരോധനിരയില്‍ വീറോടെ കളിക്കുന്ന അദ്ദേഹം ഒന്നാന്തരം ചിത്രകാരനാണ്, ശില്പിയാണ്. മൂത്താപ്പയുടെ 'എച്ച്.ബി. ആര്‍ട്‌സ്' എന്ന സ്ഥാപനം എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ഞാന്‍ ആദ്യമായി ചിത്രകാരനാവുന്നത് അവിടെനിന്നാണ്. നാട്ടുകാരാണെങ്കില്‍ ഓരോ മനുഷ്യനും ഒരു കൊച്ചു വി.കെ.എന്‍. ആയിരുന്നു.'' കോഴിക്കോട്ടുകാരനായി ജീവിക്കുമ്പോഴും ഇടയ്ക്ക് ഷഹബാസ് ഇപ്പോഴും മലപ്പുറത്തെ ബാല്യത്തില്‍ അലഞ്ഞുതിരിയും.

''കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു ഉപ്പ മരയ്ക്കാര്‍. കറപുരളാത്ത ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ വലിയ സമ്പാദ്യം. ഉമ്മ കുഞ്ഞിപ്പാത്തുവിന്റെ പാട്ടുകളാണ് എന്റെ ഉള്ളില്‍ ആദ്യം കയറിയ സംഗീതം. എന്നെ ഉറക്കാന്‍ ഉമ്മയ്ക്ക് പുതിയ പാട്ടുകള്‍ വരെ ഉണ്ടാക്കി പാടേണ്ടി വന്നിരുന്നു.

''ഉമ്മയുടെ വീട് കോഴിക്കോട് അരീക്കാടാണ്. മധ്യവേനലവധിക്ക് ഞങ്ങള്‍ കുട്ടിസംഘം കോഴിക്കോട്ടെത്തും. മലപ്പുറത്തെ കുന്നും വളവുകളും നിറഞ്ഞ ഭൂപ്രകൃതിയില്‍നിന്ന് കോഴിക്കോട്ടെത്തുമ്പോള്‍ കടലിലും പൂഴിമണലിലും ഞങ്ങള്‍ തിമിര്‍ത്താര്‍ക്കും. മലപ്പുറം എ.എം.എല്‍.പി. സ്‌കൂളിലും യു.പി. സ്‌കൂളിലും പഠിച്ചശേഷം എന്നെ നേരെ ഫലാഫി അറബി കോളേജിലേക്കാണ് വിടുന്നത്. അതുകൊണ്ടുതന്നെ കൗമാരകാലത്ത് ഒരു പൊതുജീവിതം എനിക്കന്യമായിരുന്നു. എന്നാല്‍, പഠനശേഷം ഞാന്‍ തിരിച്ചുവന്നു. പിന്നീട് 'ബിനാക്കാ ഗീത്മാല'യും 'റേഡിയോ സിലോണു'മൊക്കെ എനിക്ക് കൂട്ടായി. ഫുട്‌ബോളറായി. ബാങ്കുവിളിയും ഓത്തുചൊല്ലലുമൊക്കെ എന്റെ ജീവിതത്തിലുണ്ടായെങ്കിലും അതിലെ സംഗീതാത്മകതയിലാണ് ഞാന്‍ ശ്രദ്ധിച്ചത്.

എച്ച്.ബി. ആര്‍ട്‌സ്, ചിത്ര ആര്‍ട്‌സ്, ചമയം ആര്‍ട്‌സ് എന്നിവയൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. രശ്മി ഫിലിം സൊസൈറ്റിയിലൂടെ 'വേള്‍ഡ് ക്ലാസിക്ക് സിനിമകള്‍' എന്റെ ഉള്ളിലേക്ക് കയറിവരുന്നത് ഈ സമയത്താണ്. നിത്യ ആര്‍ട്ടിസ്റ്റ്‌സ് കമ്യൂണില്‍ ഞാനംഗമായി. ആര്‍ട്ടിസ്റ്റ് ദയാനന്ദനാണ് എന്നിലെ ചിത്രകാരനു വേണ്ട പ്രോത്സാഹനം തരുന്നത്. ഏതു ജനക്കൂട്ടത്തിനുമുന്നിലും പാടാനുള്ള കഴിവ് കിട്ടുന്നത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്നാണ്.''

പ്രണയം ഒരു പുതിയ ജന്മം നല്‍കുകയായിരുന്നു ഷഹബാസിന്. സൂഫി സംഗീതവും സൈഗാളും ഭീംസെന്‍ ജോഷിയും മുകേഷും റഫിയുമൊക്കെ വിഹരിച്ചിരുന്ന മനസ്സിലേക്ക് പുതിയ ഒരു രാഗമായാണ് അനാമിക എത്തുന്നത്. ''സിന്ധുവിന് ഞാനിട്ട പേരാണ് അനാമിക. പ്രണയം അതിന്റെ സര്‍വതേജസ്സോടും കൂടി ഞാനറിയുന്ന് അനാമികയുടെ വരവോടുകൂടിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അവളെ ഞാന്‍ ആദ്യം കാണുന്നത്. 'പോര്‍ട്രയ്റ്റ് ഓഫ് മൈ ഫ്രണ്ട്' എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് ദയാനന്ദന്റെ സ്ട്രീറ്റ് ഷോയില്‍ ഞാനൊരു ചിത്രം വരച്ചു. അത് അനാമികയായിരുന്നു. '99-ല്‍ ആദ്യ ചിത്രപ്രദര്‍ശനം നടത്തി. 'സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ' എന്നായിരുന്നു അതിന്റെ പേര്. അനാമികയോടുള്ള പ്രണയം ഗായകനെന്ന നിലയിലും എനിക്ക് പ്രചോദനമായിരുന്നു. 2000 തൊട്ടാണ് ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഞാനറിയപ്പെടുന്നത്.

എന്റെയുള്ളിലുള്ള അനേകം അഭിരുചികളിലെ സുന്ദരമായ തലങ്ങള്‍ മാത്രം ചേര്‍ന്ന് ഗായകന്‍ എന്ന പിറവിയുണ്ടാകുകയായിരുന്നു. മുമ്പ് സൗഹൃദ കൂട്ടായ്മകളില്‍ മാത്രം പാട്ടുകാരനായിരുന്ന ഞാന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ മൂന്നര മണിക്കൂര്‍ ഗസല്‍ പാടി. കെ.പി.എ. സമദ് എന്ന എന്റെ ഗുരുനാഥനായിരുന്നു അതിനു പിന്നില്‍. അദ്ദേഹം ഇന്ത്യന്‍ ആലാപനചരിത്രത്തിലെ ഗസലുകളെയെല്ലാം ഒരുമിച്ചെടുത്ത് ഒരു മാലയാക്കി എനിക്ക് കൊരുത്തുതന്നു. ആ പരിപാടി ഒരു വഴിത്തിരിവ് എന്നൊക്കെ പറയാവുന്നതാണ്. പട്ടര്‍കടവന്‍ ബാപ്പുഹാജിയുടെ ഹാര്‍മോണിയത്തില്‍ റിങ്കോസ്റ്റര്‍ ക്ലബില്‍വെച്ച് ഗഫൂര്‍ഭായ് എന്ന എന്റെ ഹാര്‍മോണിയം ഗുരുനാഥന്‍ ചൊല്ലിത്തന്ന പാഠങ്ങളാണ് പാട്ടുപെട്ടിയില്‍ എന്റെ ആദ്യ പാഠങ്ങള്‍. പിന്നീട് സൂഫി സംഗീതവും ഗസലുകളും ജീവിതത്തിലേക്ക് വന്നു.

''എന്റെ അനിയത്തി ജ്യേഷ്ഠന്റെ കുഞ്ഞിന് ഇടാന്‍ വെച്ച പേരാണ് 'ഷഹബാസ് അമന്‍'. ഒരു ഫക്കീര്‍ ബാബ കുഞ്ഞിന് 'ഹാറൂണ്‍ റഷീദ്' എന്ന പേരിട്ടതിനാല്‍ അനിയത്തി കണ്ടുവെച്ച പേര് അനാഥമായി. അതുവരെ ചിത്രകാരനായി മാത്രം അറിയപ്പെട്ടിരുന്ന ഞാന്‍ പാട്ടുജീവിതത്തിലേക്ക് കടക്കുന്നത് ആ സമയത്താണ്. അനിയത്തിയുടെ സമ്മതത്തോടെ ആ പേര് ഞാന്‍ സ്വീകരിച്ചു''.
പാട്ടുലോകം ഷഹബാസ് അമന്‍ എന്ന പാട്ടുകാരനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ചാന്തുപൊട്ടിലെ 'ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' ആലാപനത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ ഈണത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ ഷഹബാസിന്റെ ശബ്ദം സംഗീത ആകാശത്ത് പുതുനിറങ്ങള്‍ ചാര്‍ത്തി. ഒരുവനിലെ 'കുയിലുകളേ തുയിലുണര്', ചോക്ലേറ്റിലെ 'ഇഷ്ടമല്ലേ...'യെന്ന പാട്ട് കാമ്പസ് റിങ്‌ടോണാക്കിയപ്പോള്‍ പിണങ്ങിയ സൗഹൃദങ്ങള്‍ പരിഭവം മറന്നു. പരദേശി, പകല്‍നക്ഷത്രം, രാമാനം എന്നീ സിനിമകളിലെ പാട്ടുകള്‍ ഈണംകൊണ്ട് ഷഹബാസ് തീര്‍ത്ത മായാജാലമാണ്.

സംഗീത ആല്‍ബങ്ങളുടെ ലോകത്ത് ഇതിനകംതന്നെ ഈ ഗായകന്‍ ശ്രദ്ധേയനാണ്. ആഷിയാന-ന്യൂജനറേഷന്‍ മലബാറി സോങ്, സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, സഹയാത്രികേ..., അലകള്‍ക്ക് തുടങ്ങിയ സിഡികള്‍ ഷഹബാസിന്റെ വ്യത്യസ്തതയുള്ള സിഡികളാണ്.

പുതിയ പ്രൊജക്ടുകളില്‍ 'കെ.ഇ.എഫ്. 1126 സൂഫി റോക്ക്', ഖലീല്‍ ജിബ്രാന്റെ കവിതകളുടെ സംഗീതരൂപം, ഷഹബാസിന്റെതന്നെ പ്രശസ്തമായ പാട്ടുകളായ 'സജിനി സജിനി'യും 'ഓത്തുപള്ളി'യും അടങ്ങിയ പേരിടാത്ത ആല്‍ബം എന്നിവയുള്‍പ്പെടുന്നു.
2004ല്‍ അനാമിക ഷഹബാസിന്റെ ജീവിതസഖിയായി. രണ്ടര വയസ്സുകാരന്‍ അലന്റൂമിയാണ് മകന്‍. സിവില്‍ സ്റ്റേഷനടുത്തെ മധുരവനത്താണ് കുടുംബം താമസം.

ഫുട്‌ബോളറിലെ സംഗീതജ്ഞനും സംഗീതജ്ഞരിലെ ഫുട്‌ബോള്‍ കളിക്കാരനുമാണ് ഷഹബാസ് എന്നു പറയും സുഹൃത്തുക്കള്‍. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് മാതൃഭൂമിക്കുവേണ്ടി ഒരു സോക്കര്‍ ഗാനംതന്നെ ചിട്ടപ്പെടുത്തിയിരുന്നു ഷഹബാസ്.
'വാനിന്‍ നീല വലയ്ക്കുള്ളില്‍ ഭൂഗോളം, ഡീഗോ...നീ അടിച്ചേറ്റിയ ഗോളുപോ'ല്‍ എന്നു പാടിയത് ഷഹബാസിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. സുഹൃത്തുക്കളാണ് ഷഹബാസിന്റെ ശക്തി. തബലവാദകനായി വര്‍ഷങ്ങളായി കൂടെയുള്ള റോഷന്‍ ഈ ഗായകന്റെ അടുത്ത സുഹൃത്തുകൂടിയാണ്.

ഒഴിവുകിട്ടുമ്പോള്‍ ഷഹബാസ് അമന്‍ അനാമികയ്ക്കും റൂമിക്കുമൊപ്പം ഇപ്പോഴും 'മക്കാന്‍ഡൊ'യിലെത്തും. അവിടെ സ്വന്തം ലോകത്തില്‍ രാജാവും റാണിയുമായി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെ കണ്ട് മനസ്സുനിറഞ്ഞു പാടാന്‍.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-